കൊച്ചി: മധ്യേഷ്യയിലും ആഫ്രിക്കയിലും മൊബൈല്‍ ടെലികോം മേഖലയില്‍
പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ സെയിന്‍ ഗ്രൂപ്പിന് ഉപഭോക്തൃ സേവന മേഖലയില്‍
കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്താനായി ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന
ഫ്‌ളൈടെക്‌സ്റ്റ് പിന്തുണ നല്‍കും. ഇതിനായി തങ്ങള്‍ സെയിന്‍ ഗ്രൂപ്പുമായി
ധാരണയിലെത്തിയതായി ഉപഭോക്തൃ സ്ഥിതി വിവരക്കണക്കുകള്‍ വിശകലനം ചെയ്യുന്ന മേഖലയിലെ
പ്രമുഖ സോഫ്‌റ്റ് വെയര്‍ കമ്പനിയായ ഫ്‌ളൈടെക്‌സ്റ്റ് ബാഴ്‌സലോണയില്‍
വെളിപ്പെടുത്തി. തങ്ങളുടെ സി.വി.എം. സൊല്യൂഷനിലൂടെ ഉപഭോക്താക്കളെ സംബന്ധിച്ച്
ആഴത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയും കൂടുതല്‍ മികവുറ്റ സേവനങ്ങള്‍ നല്‍കാന്‍
സെയിന്‍ ഗ്രൂപ്പിനെ സഹായിക്കുകയും ചെയ്യുമെന്നും ഫ്‌ളൈടെക്‌സ്റ്റ് വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത സേവനങ്ങള്‍ നല്‍കുന്ന രീതിയില്‍ അതിവേഗത്തില്‍
തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായിക്കുന്നതാണ് ഫ്‌ളൈടെക്‌സ്റ്റിന്റെ സി.വി.എം.
സൊല്യൂഷന്‍.
നൂതന ടെക്‌നോളജികളുപയോഗിച്ച് ഉപഭോക്താക്കളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍
മനസിലാക്കി അവര്‍ക്ക് ഉചിതമായ, മികവുറ്റ അനുഭവങ്ങള്‍ നല്‍കുക എന്നതാണ് സെയിന്‍
ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഇതിനേക്കുറിച്ച് പ്രതികരിക്കവേ കമ്പനിയുടെ ചീഫ്
കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഡുന്‍കന്‍ ഹോവാര്‍ഡ് അഭിപ്രായപ്പെട്ടു.
ഫ്‌ളൈടെക്‌സ്റ്റിന്റെ സൊല്യൂഷന്‍സ് തങ്ങളുടെ 47 ദശലക്ഷം ഉപഭോക്താക്കള്‍ക്ക്
കൂടുതല്‍ വ്യക്തിഗത സേവനങ്ങള്‍ നല്‍കാനും ഇതു സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ
പ്രകടിപ്പിച്ചു.
സെയിന്‍ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ മുന്നേറ്റത്തിന്റെ പാതയില്‍
അവരുമായി സഹകരിക്കാന്‍ ഫ്‌ളൈടെക്‌സ്‌റ്റിന് ഏറെ ആഹ്ലാദമുണ്ടെന്ന്
ഫ്‌ളൈടെക്‌സ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. വിനോദ് വാസുദേവന്‍ പറഞ്ഞു.
സ്ഥായിയായ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ സെയിന്‍ ഗ്രൂപ്പിനു പ്രദാനം
ചെയ്യുന്നതിനായി ദീര്‍ഘകാലത്തേക്കുള്ള സഹകരണമാണു തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment