Friday, November 27, 2015

മികച്ച റിട്ടേണ്‍ നല്‌കി യുടിഐ മിഡ്‌കാപ്‌ ഫണ്ട്‌




കൊച്ചി: പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ യുടിഐ മിഡ്‌കാപ്‌ ഫണ്ട്‌ ഒരു വര്‍ഷം, മൂന്നുവര്‍ഷം, അഞ്ചുവര്‍ഷം കാലയളവില്‍ ബഞ്ച്‌മാര്‍ക്ക്‌ സൂചികയായ സിഎന്‍എക്‌സ്‌ മിഡ്‌കാപ്പിനേക്കാള്‍ മികച്ച റിട്ടേണ്‍ നല്‌കി. മികച്ച നിലവാരമുള്ള ഓഹരികള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുത്തതാണ്‌ മെച്ചപ്പെട്ട റിട്ടേണ്‍ ഉറപ്പാക്കാന്‍ ഫണ്ടിനു സാധിച്ചത്‌.
ഒരു വര്‍ഷക്കാലത്ത്‌ ഫണ്ട്‌ നല്‌കിയ റിട്ടേണ്‍ 21 ശതമാനമാണ്‌. ഇക്കഴിഞ്ഞ മൂന്ന്‌, അഞ്ച്‌ വര്‍ഷക്കാലത്ത്‌ ഫണ്ട്‌ 15 ശതമാനത്തിനു മുകളില്‍ വാര്‍ഷിക റിട്ടേണ്‍ നല്‌കിയിട്ടുണ്ട്‌. അഞ്ചുവര്‍ഷമായി ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ 94 ശതമാനം സമയത്തും ഫണ്ട്‌ ബഞ്ച്‌മാര്‍ക്കിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ്‌ കാഴ്‌ച വച്ചിട്ടുള്ളത്‌. അടുത്തകാലത്തെ വിപണി റാലിയില്‍ ഫണ്ട്‌ മികച്ച പ്രകടനമാണ്‌ കാഴ്‌ച വച്ചത്‌. മൂന്നുവര്‍ഷക്കാലത്തെ വാര്‍ഷിക റിട്ടേണ്‍ 34 ശതമാനമാണ്‌. ബഞ്ച്‌മാര്‍ക്ക്‌ റിട്ടേണ്‍ 18 ശതമാനമാണ്‌.
വിപണിയിലെ വന്യമായ വ്യതിയാനങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ ഫണ്ടിനു സാധിക്കുന്നുണ്ട്‌. 2008-ലെ വിപണി തകര്‍ച്ചയില്‍ ഫണ്ടിന്റെ പ്രകടനം മോശമാെയങ്കിലും 2011-ലും 2013-ലുമുണ്ടായ താഴ്‌ചകളെ ഫലപ്രദമായി നേരിടുവാന്‍ ഫണ്ടിനു സാധിച്ചു. 
2014 കലണ്ടര്‍ വര്‍ഷത്തില്‍ 90 ശതമാനം റിട്ടേണ്‍ നേടുവാന്‍ ഫണ്ടിനെ സഹായിച്ചത്‌ നിക്ഷേപശേഖരത്തിന്റെ പ്രത്യേകതയാണ്‌. 2014-ന്റെ തുടക്കത്തില്‍ ഫണ്ടിന്റെ നിക്ഷേപശേഖരത്തില്‍ ഏറ്റവും മുന്നില്‍ നിന്നത്‌ ഓട്ടോ സെക്‌ടറാണ്‌. ധനകാര്യ സേവനത്തിനു കുറഞ്ഞ പരിഗണനയാണു നല്‌കിയത്‌. ഓട്ടോ, ഫാര്‍മ മേഖലയിലെ മുന്നേറ്റമാണ്‌ ഫണ്ടിനെ 2014-ല്‍ സഹായിച്ചത്‌. കണ്‍സ്‌ട്രക്‌ഷന്‍, ടെക്‌സ്റ്റൈല്‍സ്‌,കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്‌ തുടങ്ങിയവയ്‌ക്കു നല്‌കിയ പ്രധാന്യവും ഫണ്ടിന്‌ നേട്ടം നല്‌കി. ഫണ്ടിന്റെ നിക്ഷേപശേഖരത്തില്‍ നൂറിലധികം ഓഹരികളുണ്ട്‌. ഒരു ഓഹരിയിലെ നിക്ഷേപം 2 ശതമാനത്തിനു താഴെ നിര്‍ത്തിയിരിക്കുന്നു. നിക്ഷേപത്തില്‍ 65 ശതമാനത്തോളം ഓഹരികള്‍ മിഡ്‌കാപ്‌ ഓഹരികളിലാണ്‌.

No comments:

Post a Comment

23 JUN 2025 TVM