Sunday, November 20, 2016

സംരംഭകത്വത്തിന് കൂട്ടായ പ്രയത്‌നവും പദ്ധതികളും അനിവാര്യം: ഡോ: എം. ബീന



കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും സംരംഭക സംഘടനകളും ഒത്തുചേര്‍ന്നാല്‍ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ിക്കാന്‍ കഴിയുമെന്ന്  കെഎസ്‌ഐഡിസി മാനേജിങ്ങ് ഡയറക്ടര്‍ ഡോ: എം. ബീന അഭിപ്രായപ്പെട്ടു. ലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അഞ്ചാമത് ടൈക്കോണ്‍ കേരള സംരംഭക സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ: ബീന.

സംരംഭകര്‍ക്കുള്ള ആവാസവ്യവസ്ഥ ഒരുക്കുന്നതിന്റെ ഭാഗമായി ശാസ്ത്രബോധവും, സാങ്കേതിക അറിവും യുവതലമുറയ്ക്ക് നല്‍കാന്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് സാധിക്കണം. വ്യക്തി ജീവിതത്തിനും, സാമൂഹിക പുരോÿഗതിക്കും വേണ്ടതെല്ലാം സൃഷ്ടിക്കാന്‍ ഉന്നത ശാസ്ത്രബോധമുള്ള വിദ്യാര്‍ത്ഥികള്‍ക്കേ കഴിയൂ. പ്രമുഖ കമ്പനികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍വ്വകലാശാലകളും ശാസ്ത്ര ഗവേഷണങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും, ഫണ്ടുകള്‍ വകയിരുത്തേണ്ടതും അത്യാവശ്യമാണ്. വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കാല്‍വെപ്പുകള്‍ സംബന്ധിച്ച് പ്രായോഗിക അറിവുകള്‍ സ്‌കൂള്‍ തലത്തില്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. സാങ്കേതിക രംഗത്തുവരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്ടുകള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ ശാസ്ത്ര തല്‍പ്പരരായ കുട്ടികളില്‍നിന്ന് അനവധി യുവസംരംഭകര്‍ ഉയര്‍ന്നു വരും.  ഡോ: ബീന പറഞ്ഞു.

ടൈ കേരള  പ്രസിഡന്റ് ശ്രീ. രാജേഷ് നായര്‍,  ടൈ കേരള സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ. എം. എസ്. എ. കുമാര്‍, മുന്‍ പ്രസിഡന്റ് എസ്.ആര്‍.നായര്‍,  ചാര്‍ട്ടര്‍ മെമ്പര്‍മാരായ ശിവദാസ് മേനോന്‍, അജിത്ത് മൂപ്പന്‍, കുര്യന്‍ എബ്രഹാം,  ശ്രീനാഥ് വിഷ്ണു,  വിങ്ങ് കമാന്‍ഡര്‍ കെ. ചന്ദ്രശേഖര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 

 യുവസംരംഭകരും, വിദഗ്ധരും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ക്കു സാക്ഷ്യം വഹിക്കുന്ന നാല്‍പതോളം സെഷനുകള്‍ അഞ്ച് വേദികളിലായി നടന്നു.
കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് വൈസ് ചെയര്‍മാന്‍ ലക്ഷ്മി നാരായണ്‍, മാത്‌സ് ആന്റ് സയന്‍സ് ലേണിങ്ങ് ആപ്ലിക്കേഷന്‍ സ്ഥാപകനായ ബൈജു രവീന്ദ്രന്‍, യുഎസ് കൊണ്‍സുലേറ്റ് ചെന്നൈയുടെ പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ ഒഫീസറായ ജോണ്‍ ഫ്‌ളെമിങ്ങ്, കാനഡ കൗണ്‍സില്‍ ജനറല്‍ ജനിഫര്‍ ഡൊബ്‌നി, ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖര്‍ ടൈ വേദിയില്‍ പ്രായോഗിക അനുഭവങ്ങള്‍ വിശദീകരിച്ചു. സുമുട്ടര്‍ ബയോളജിക്‌സ് സ്ഥാപകാംഗമായ കവിത അയ്യര്‍ റോഡ്‌റിഗസ്, തൈറോകെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ: എ. വേലുമണി, യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ: ഷബീര്‍ നെല്ലിക്കോട് തുടങ്ങിയവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കേരളത്തിലെ ആദ്യത്തെ ആന പരിശീലകയായ വനിത എന്ന നിലയില്‍ പ്രശസ്തയായ നിഭാ  നമ്പൂതിരിയും, ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ  പി.സി. മുസ്തഫ, വെള്‍പൂള്‍ ചീഫ് ഡിസൈന്‍ ഓഫീസര്‍ ഹരി നായര്‍, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും മെന്ററുമായ സി. ബാലഗോപാല്‍, ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ്  എക്‌സിക്യൂട്ടീവ് ചെയര്‍മാനും സഹസ്ഥാപകനുമായ അശോക് സൂത എന്നിവര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ സംസാരിച്ചു. 

യുവസംരംഭകര്‍ക്ക് പദ്ധതി രൂപീകരണത്തിനും, നടപ്പില്‍ വരുത്തുന്നതിനും വിവിധ ഘട്ടങ്ങളില്‍ പരിചയ സമ്പന്നരായ മെന്റര്‍മാരുടെ മാര്‍ഗനിര്‍ദ്ദശങ്ങള്‍ ലഭ്യമാക്കുന്ന എന്റര്‍പ്രണര്‍ മെന്ററിങ്ങ്, യുവസംരംഭകര്‍ക്ക് നല്ല പ്ലാനുകള്‍ അനുഭവ സമ്പന്നരായ നിക്ഷേപകര്‍ക്കും, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ക്കും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമൊരുക്കുന്ന പിച്ച് ഫെസ്റ്റിവല്‍ എന്നിവയും ശ്രദ്ധേയമായി.
 
RELEASE 2
ആശയങ്ങളുടെ വെടിക്കെട്ടൊരുക്കി സ്റ്റാര്‍ട്ടപ്പ് പവലിയന്‍

കൊച്ചി: ടൈക്കോണ്‍ 2016 സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാര്‍ട്ടപ്പ് പവലിയന്‍ സാങ്കേതിക വിദ്യയിലൂന്നിയ സംരംഭങ്ങളെയും, ഉല്‍പ്പന്നങ്ങളെയും, മൂലരൂപങ്ങളെയും, ആശയങ്ങളെയും ഒരു കുടക്കീഴിലണിനിരത്തിയ കാഴ്ചാ വിസ്മയമായി. വിവിധ ജില്ലകളില്‍നിന്നായുള്ള സംരംഭകരും, പ്രഫഷണലുകളും, വിദ്യാര്‍ത്ഥികളും എണ്‍പത് സ്റ്റാളുകളിലായാണ് പ്രദര്‍ശനമൊരുക്കിയത്. 

ശാസ്ത്രലോകം  പുതിയ കാല്‍വെപ്പുകള്‍ നടത്തുമ്പോള്‍ അവയുടെ പ്രായോഗിക വശങ്ങള്‍ പഠിച്ച് നാളിതുവരെ പ്രയോഗിക്കാത്ത മേഖലകളില്‍ അവ പ്രയോജനപ്പെടുത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് യുവസംരംഭകര്‍ ചെയ്യുന്നത്. നിത്യജീവിതത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ ലഘൂകരിക്കുകയും, അട്ടിമറിക്കുന്ന മാറ്റങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് പ്രദര്‍ശനത്തിനെത്തിയ മിക്ക ഉല്‍പ്പന്നങ്ങളും ആശയങ്ങളും. 
യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനും സുഗമമാക്കുന്നതിനും ചാറ്റ് പ്ലാറ്റ്‌ഫോം ഒരുക്കുന്ന അലായ് ട്രാവല്‍ 24x7, കുക്കിങ്ങ് ക്ലീനിങ്ങ് തുടങ്ങിയ വീട്ടുജോലി സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്‌കട്ട് ഓപ്‌സ്, കാര്‍ഷിക കൂട്ടായ്മയായ ഫാര്‍മേഴ്‌സ് എഫ്‌സെഡ്, കോര്‍പ്പറേറ്റ് വീഡിയോകള്‍ ഒരുക്കുന്ന ക്യാറ്റ് എന്റര്‍ടെയിന്‍മെന്റ്‌സ്, ചെലവു കുറഞ്ഞ അത്യന്താധുനിക റോബോട്ടിക്‌സ് സാങ്കേതിക വിദ്യകളുമായി ശാസ്ത്ര റോബോട്ടിക്‌സ് തുടങ്ങിയവ പവലിയനില്‍ ശ്രദ്ധേയമായി. 

യുവസംരംഭകര്‍ക്ക് തങ്ങളുടെ  ഉല്‍പ്പന്നങ്ങളും, ആശയങ്ങളും ഉല്‍പ്പന്ന-സേവന-വ്യവസായ മേഖലയിലെ  നിക്ഷേപകര്‍ക്കും, ലീഡര്‍മാര്‍ക്കും, മെന്റര്‍മാര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനും അവ അനുയോജ്യമായ രീതിയില്‍ നടപ്പില്‍ വരുത്താനുള്ള സഹായം തേടാനുമാണ്  സ്റ്റാര്‍ട്ടപ്പ് പവലിയനുകള്‍ അവസരമൊരുക്കിയത്. ആയിരത്തിലധികം പ്രതിനിധികളും, പ്രഭാഷകരും, വിദഗ്ധരും  സ്റ്റാര്‍ട്ടപ്പ് പവലിയനുകള്‍ സന്ദര്‍ശിച്ച് യുവസംരംഭകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.



RELEASE 3

യുവസംരംഭകര്‍ക്ക് പ്രതീക്ഷയായി കേരളാ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക്

കൊച്ചി: യുവസംരംഭകരും, സ്റ്റാര്‍ട്ടപ്പുകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിക്ഷേപകരുടെ ലഭ്യതയാണെന്നിരിക്കെ, ഈ മേഖലയില്‍ ടൈ നടത്തുന്ന ആദ്യ കാല്‍വെപ്പായ കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കിന്റെ ഉദ്ഘാടനം ടൈ കേരള 2016 രണ്ടാം ദിവസം നടന്നു. മുപ്പത് കോടിയുടെ പ്രാരംഭ മൂലധനത്തോടെ ആരംഭിച്ചിട്ടുള്ളതാണ് ഈ പദ്ധതി.

ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ചുവടുപിടിച്ചുള്ള നൂതന സംരംഭങ്ങള്‍ക്കാണ് പ്രധാനമായും  ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് പ്രയോജനപ്പെടുക. സംരംഭകത്വത്തിനുള്ള പിന്തുണ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമീണ മേഖലകളിലേക്കും ഇറങ്ങിച്ചെല്ലുന്നുവെന്നും അതുവഴി സമത്വാധിഷ്ഠിതമായ വളര്‍ച്ച സംസ്ഥാനത്ത് സാധ്യമാവുന്നു എന്ന് ഉറപ്പുവരുത്താനും സംഘടന പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്ന് ടൈ കേരള പ്രസിഡന്റ് ശ്രീ. രാജേഷ് നായര്‍ പറഞ്ഞു.
ടൈ കേരളയുടെ ഇരുപത്തഞ്ചോളം ചാര്‍ട്ടര്‍ മെമ്പര്‍മാര്‍ ചേര്‍ന്നാണ് ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. അര്‍ഹരായ യുവസംരംഭകര്‍ക്ക് അന്‍പത് ലക്ഷം മുതല്‍ മൂന്ന് കോടി രൂപവരെ മൂലധനം ലഭ്യമാക്കും. ഫണ്ടിങ്ങ് ലഭിച്ച സ്റ്റാര്‍ട്ടപ്പുകളുടെ മേല്‍നോട്ടത്തിനും മാര്‍ഗദര്‍ശനത്തിനുമായി ടൈ ചാര്‍ട്ടര്‍ മെമ്പര്‍മാരെ ചുമതലപ്പെടുത്തും. 

ടൈ കേരളയുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ടതാണെങ്കിലും സ്വതന്ത്ര സംഘടനയായി വര്‍ത്തിക്കുന്ന ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കിന് പ്രത്യേക ഭരണസമിതി രൂപീകരിക്കും. ആദ്യഘട്ട നിക്ഷേപകര്‍ ടൈ മെമ്പര്‍മാര്‍ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും വളര്‍ച്ചയുടെ അടുത്തദിശയില്‍ പുറത്തുനിന്നുള്ള നിക്ഷേപങ്ങളും സമാഹരിച്ച് പദ്ധതി വിപുലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ശ്രീ. രാജേഷ് നായര്‍ പറഞ്ഞു.

മെന്ററിങ്ങ്, നെറ്റ്‌വര്‍ക്കിങ്ങ്, എജ്യുക്കേഷന്‍,  ഇന്‍ക്യുബേറ്റിങ്ങ്, ഫണ്ടിങ്ങ് എന്നീ മാര്‍ഗ്ഗങ്ങളിലൂടെ യുവ തലമുറയെ തൊഴിലന്വേഷകരില്‍ നിന്ന് സംരംഭകരും, തൊഴില്‍ദാതാക്കളുമായി പരിവര്‍ത്തനം ചെയ്യാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ടൈ നടത്തുന്നത്. അതുവഴി രണ്ടായിരത്തി ഇരുപതോടെ കേരളത്തില്‍ ഒരു കുടുംബത്തില്‍ ഒരു വ്യവസായ സംരംഭകന്‍ എന്ന ആശയം നടപ്പില്‍ വരുത്തുകയാണ് ലക്ഷ്യം.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...