Friday, May 5, 2017

എല്‍. ആന്റ്‌ ടി. ഫിനാന്‍സ്‌ ഹോള്‍ഡിങ്‌സിന്റെ അറ്റാദായം 22 ശതമാനം വര്‍ധന



കൊച്ചി: എല്‍ ആന്റ്‌ ടി ഫിനാന്‍സ്‌ ഹോള്‍ഡിങ്‌സിന്റെ നികുതിക്കു ശേഷമുള്ള ആകെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1042 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 22 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്‌. മുഖ്യ പ്രവര്‍ത്തന മേഖലയില്‍ പെടാത്ത ബിസിനസുകളില്‍ നിന്ന്‌ മാറി പ്രധാന ബിസിനസിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും ചെലവും വരുമാനവും തമ്മിലുള്ള അനുപാതത്തില്‍ കൈവരിക്കാനായ നേട്ടവും അടക്കമുള്ള ഘടകങ്ങളാണ്‌ കമ്പനിയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകമായത്‌. വായ്‌പാ ബിസിനസില്‍, പ്രത്യേകിച്ച്‌ ഗ്രാമീണ മേഖലകളിലെ വായ്‌പകളിലും ഭവന വായ്‌പകളിലും വന്‍കിട വായ്‌പകളിലും കേന്ദ്രീകരിച്ച്‌ ഈ ആസ്‌തികളില്‍ 20 ശതമാനം വളര്‍ച്ചയാണ്‌ കമ്പനി കൈവരിച്ചത്‌. എല്‍. ആന്റ്‌ ടി ഫിനാന്‍സ്‌ ഹോള്‍ഡിങ്‌സിന്റെ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ആന്റ്‌ വെല്‍ത്ത്‌ മാനേജുമെന്റ്‌ ബിസിനസിലും ശക്തമായ വളര്‍ച്ച കൈവരിക്കാനായി. ഗ്രാമീണ വായ്‌പാ മേഖലയില്‍ 13.5 ശതമാനം വളര്‍ച്ചയോടെ 7,405 കോടി രൂപയുടെ ബിസിനസാണ്‌ കമ്പനി കഴിഞ്ഞ വര്‍ഷം നടത്തിയത്‌. 

No comments:

Post a Comment

23 JUN 2025 TVM