Friday, May 5, 2017

ബജറ്റ്‌ ഹോട്ടലുകള്‍ക്കുള്ള ചരക്കു സേവന നികുതി 5% സ്ലാബിലാക്കണമെന്ന്‌ ഫിക്കി




കൊച്ചി: രണ്ടായിരം രൂപയില്‍ താഴെ പ്രതിദിന വാടക ഈടാക്കുന്ന ബജറ്റ്‌ ഹോട്ടലുകളെ ചരക്കു സേവന നികുതി നടപ്പാക്കുമ്പോള്‍ അഞ്ചു ശതമാനം സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്ന്‌ സംസ്ഥാന ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിനോട്‌ ഫിക്കി ആവശ്യപ്പെട്ടു. ചരക്കു സേവന നികുതി സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ മെയ്‌ മൂന്നാം വാരം നടക്കാനിരിക്കെ ബന്ധപ്പെട്ട വ്യവസായ മേഖലകളുടെ പ്രതികരണവും ആശങ്കകളും അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ സംസ്ഥാനത്തെ ചെറുകിട ഹോട്ടല്‍ ഉടമസ്ഥരുടെ ആവശ്യങ്ങള്‍ സംസ്ഥാന ധനമന്ത്രി മുമ്പാകെ ഫിക്കി അവതരിപ്പിച്ചത്‌. 
ആതിഥേയ വ്യവസായ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഏറ്റവും വലിയ ഒറ്റ ഘടകമാണ്‌ ചരക്കു സേവന നികുതിയെന്ന്‌ തങ്ങള്‍ വിശ്വസിക്കുന്നതായി ഫിക്കിയുടെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിപണിയുടെ 80 ശതമാനം വരുന്ന ബജറ്റ്‌ ഹോട്ടലുകളെ സംബന്ധിച്ച്‌ ഇത്‌ ഏറെ നിര്‍ണായകമാണ്‌. രാജ്യത്തിന്റെ സമ്പദ്‌ഘടനയുടെ വളര്‍ച്ചയ്‌ക്കായി സംഭാവനകള്‍ ചെയ്യുന്നത്‌ ഏറെ പ്രധാനപ്പെട്ടതാണെന്നും ബജറ്റ്‌ ഹോട്ടലുകള്‍ വിശ്വസിക്കുന്നു. അതേ സമയം തന്നെ അതു രാജ്യത്തെ ജനങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങുകയും വേണം. നികുതിയില്‍ വരുന്ന വന്‍തോതിലുള്ള ഏതു വര്‍ധനവും അതു ജനങ്ങളിലേക്കു പകരാന്‍ ബജറ്റ്‌ ഹോട്ടലുകളെ നിര്‍ബന്ധിതരാക്കും. അതുകൊണ്ടു തന്നെ 2000 രൂപയില്‍ താഴെ നിരക്കുള്ള ബജറ്റ്‌ ഹോട്ടലുകളെ 5 ശതമാനം ചരക്കു സേവന നികുതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഫിക്കി അഭ്യര്‍ത്ഥിച്ചു. 
സാധാരണക്കാരെ സംബന്ധിച്ച്‌ ഏക ആശ്രയം ഈ ബജറ്റ്‌ ഹോട്ടലുകളാണ്‌. ആയിരം രൂപയില്‍ താഴെ വാടകയുള്ള ഹോട്ടല്‍ മുറികളെ 2012 ല്‍ ഇറക്കിയ വിജ്ഞാപന പ്രകാരം സേവന നികുതിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. കേരളത്തില്‍ 200 രൂപ മുതല്‍ 500 രൂപ വരെ വാടകയുള്ള മുറികള്‍ക്ക്‌ 7.5 ശതമാനവും 500 രൂപയ്‌ക്ക്‌ മുകളിലുള്ളവയ്‌ക്ക്‌ 12.5 ശതമാനവും ആഡംബര നികുതി ബാധകമാണ്‌. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളിലും ഇതില്ല എന്നും ഫിക്കി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ 7.5 ശതമാനം സംഭാവന ചെയ്യുന്ന മേഖലയാണ്‌ വിനോദ സഞ്ചാര മേഖലയെന്നും ഫിക്കി ചൂണ്ടിക്കാട്ടുന്നു. 
തങ്ങളുടെ ആശങ്കകള്‍ സര്‍ക്കാരുമായി പങ്കുവെക്കാന്‍ വേദിയൊരുക്കിയതില്‍ ഫിക്കിയോട്‌ കടപ്പാടുണ്ടെന്ന്‌ ദ്വാരകാ ഹോട്ടല്‍ ഉടമ പ്രമീള ഇതേക്കുറിച്ചു പ്രതികരിച്ചു. രാജ്യം മുഴുവന്‍ ഒരേ നികുതി എന്ന സംവിധാനത്തിന്റെ ഭാഗമാകാന്‍ തങ്ങള്‍ക്കാഗ്രഹമുണ്ട്‌. തങ്ങളുടെ ബിസിനസ്‌ ഇല്ലാതാക്കിക്കൊണ്ടാവരുത്‌ ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ചരക്കു സേവന നികുതിയുമായി നിലനില്‍ക്കാന്‍ ബജറ്റ്‌ ഹോട്ടല്‍ വ്യവസായത്തിനാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇളവുകള്‍ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന്‌ പേള്‍ മലബാര്‍ ഉടമ ഷജീദ്‌ പറഞ്ഞു. ചെറുകിട ബിസിനസില്‍ ഉയര്‍ന്ന നികുതി നിരക്കു സൃഷ്ടിക്കുവാന്‍ പോകുന്ന ആഘാതത്തെക്കുറിച്ചു സര്‍ക്കാര്‍ ചിന്തിക്കണമെന്ന സത്യസന്ധമായ അഭ്യര്‍ത്ഥനയാണിതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...