കൊച്ചി: ടോക്ക്-എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (ടിസ്റ്റ്) ആദ്യവര്‍ഷ ബി ടെക്ക് ക്ലാസുകള്‍ രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ഡോ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. പഠനത്തിനൊപ്പം സംരംഭകത്വത്തിലും ശ്രദ്ധയൂന്നാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണമെന്ന് ടിസ്റ്റില്‍ പ്രവേശനം നേടിയ 450 ഓളം ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവേ ഡോ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അഭിപ്രായപ്പെട്ടു. രാജ്യത്തിന് സാമ്പത്തിക വിഹിതം നല്‍കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയുന്നുണ്ടോയെന്ന് മാതാപിതാക്കള്‍ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
54 ശതമാനം വരുന്ന യുവതലമുറ രാജ്യത്തിന്റെ സമ്പത്താണെങ്കില്‍ തന്നെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ സംരംഭകശീലം വളര്‍ത്തേണ്ടത് മാതാപിതാക്കളുടേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ രാഷ്ട്രപതി ശ്രീമതി പ്രതിഭാപാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഡോ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ദയിത്വ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ് ആന്‍ഡ് റെസ്‌പോണ്‍സിബിള്‍ ബിസിനസിന്റെ സ്ഥാപക ഡയറക്ടറാണ്. കൃഷി, പെട്രോളിയം മന്ത്രാലയങ്ങളുടെ ജോയിന്റ് സെക്രട്ടറി, സാമ്പത്തിക മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി, ടൂറിസം വകുപ്പു സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടോക്ക്-എച്ച് പബ്ലിക് സ്‌കൂള്‍ സൊസൈറ്റി പ്രസിഡന്റ് സി എസ് വര്‍ഗ്ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ സ്ഥാപക ഡയറക്ടറും മാനേജറുമായ ഡോ കെ വര്‍ഗ്ഗീസ് മുഖ്യാതിഥിക്ക് ഉപഹാരം നല്‍കി. സെക്രട്ടറി ശ്രീ പ്രകാശ് ജോര്‍ജ്ജ് മാത്തന്‍, ഡയറക്ടര്‍മാരായ ഡോ പി ജെ ജോസഫ്, ഡോ അലക്‌സ് മാത്യു, ടിസ്റ്റ് പ്രിന്‍സിപ്പാള്‍ പ്രൊഫ ഡോ ഡി വിന്‍സന്റ് എച്ച് വില്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment