Wednesday, August 12, 2015

എഞ്ചിനീയറിംഗ് വിദ്യാഭ്യാസ വികസന പരിപാടിക്ക് ടിസ്റ്റില്‍ തുടക്കം



കൊച്ചി:  എഞ്ചിനീയറിംഗ് തൊഴില്‍ മേഖലയില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മികവ് വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിന് ആരക്കുന്നത്തെ ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ടിസ്റ്റ്) എഞ്ചിനീയറിംഗ് വിദ്യാഭ്യാസ വികസന പരിപാടിക്ക് (സ്പീഡ്) തുടക്കമായി. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ (ഐഎസ്ടിഇ) സഹകരണത്തോടെ ആരംഭിച്ച എഞ്ചിനീയറിംഗ് വിദ്യാഭ്യാസ വികസന പരിപാടി പ്രമുഖ അമേരിക്കന്‍ സോഷ്യല്‍ സയന്റിസ്റ്റ് ഡോ. ഹാന്‍സ് ജെ. ഹോയര്‍ ഉദ്ഘാടനം ചെയ്തു. 

 വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളെ മികവുറ്റവരാക്കുന്നതിനുള്ള ഹ്രസ്വകാല പരിശീലനവും പാഠ്യപദ്ധതിയുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിഷയവുമായി ബന്ധപ്പെട്ട് ദേശീയ തലങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങള്‍, ശില്‍പശാലകള്‍, മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നതിനനുയോജ്യരായ എഞ്ചിനീയര്‍മാരുടെ കുറവ് കമ്പനികള്‍ അഭിമുഖീകരിക്കുന്നതായി അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് എഞ്ചീനീയറിംഗ് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ സെക്രട്ടറി ജനറല്‍  ഡോ. ഹോയര്‍ പറഞ്ഞു. എഞ്ചിനീയറിംഗ് കോളേജുകള്‍ പിന്തുടരുന്ന പാഠ്യപദ്ധതിയും എഞ്ചിനീയറിംഗ് തൊഴില്‍ മേഖലയ്ക്കാവശ്യമായവയും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

മികവുറ്റ എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്നതിനാണ്  കോളേജുകള്‍ പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ മേഖലയ്ക്കുവേണ്ട പാഠ്യപദ്ധതി പിന്തുടരണം. ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും ബന്ധം സ്ഥാപിച്ച് എഞ്ചിനീയറിംഗ് വിദ്യാഭ്യാസ വികസനത്തിന് വേദിയൊരുക്കുകയാണ് ലക്ഷ്യമെന്നും ഗ്ലോബല്‍ എഞ്ചിനീയറിംഗ് ഡീന്‍സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി കൂടിയായ അദ്ദേഹം പറഞ്ഞു.  



ആഫ്രിക്കന്‍ എഞ്ചിനീയറിംഗ് ഡീന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ആഡഗ്‌ബോനിയന്‍ മോസസ് ഓ ഒബിയാസി, ഐഎസ്ടിഇ മുന്‍ എക്‌സിക്യുട്ടീവ് സെക്രട്ടറി ഡോ. ബേസില്‍  നാനപ്പ, ഐഎസ്ടിഇ (ന്യൂഡല്‍ഹി) പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പ്രൊഫ. ആര്‍ ഹരിഹരന്‍, ടിസ്റ്റ് പ്രിന്‍സിപ്പല്‍ ഡോ. ഡി വിന്‍സെന്റ് എച്ച് വില്‍സണ്‍ എന്നിവര്‍  ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

10 APR 2025