Thursday, June 22, 2017

റൂപെ കോണ്‍ടാക്ട്‌ലെസ്‌ കാര്‍ഡ്‌ മേഖലയിലേക്ക്‌




കൊച്ചി: നാഷണല്‍ പെയ്‌മെന്റ്‌സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ കൊച്ചി മെട്രോയുമായും ബാംഗളൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനുമായും ചേര്‍ന്ന്‌ റൂപെ കോണ്‍ടാക്ട്‌ലെസ്‌ കാര്‍ഡുകള്‍ അവതരിപ്പിച്ചു. മെഷ്യനുകളില്‍ കാര്‍ഡ്‌ സ്‌പര്‍ശിക്കാതെ തന്നെ ഇടപാടുകള്‍ സാധ്യമാക്കുന്നവയാണ്‌ കോണ്‍ടാക്ട്‌ലെസ്‌ വിഭാഗത്തില്‍ പെടുന്ന ഈ കാര്‍ഡുകള്‍. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ്‌ റൂപെയുടെ കോണ്‍ടാക്ട്‌ലെസ്‌ പ്രീ പെയ്‌ഡ്‌ കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. വിവിധ മേഖലകളില്‍ ഉപയോഗിക്കാനാവുന്ന ഓപ്പണ്‍ ലൂപ്പ്‌, ഇ.എം.വി. അധിഷ്‌ഠിത കാര്‍ഡാണ്‌ ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നത്‌. 
റൂപെ കോണ്‍ടാക്ട്‌ലെസ്‌ കാര്‍ഡുകള്‍ അവതരിപ്പിച്ചതോടെ നാഷണല്‍ പെയ്‌മെന്റ്‌ കോര്‍പ്പറേഷന്‍ സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണെന്ന്‌ കോര്‍പ്പറേഷന്‍ മാനേജിങ്‌ ഡയറക്ടറും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസറുമായ എ.പി. ഹോത്ത പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌, ബി.എം.ടി.സി. എന്നിവയുമായുള്ള സഹകരണം കുറഞ്ഞ നിരക്കിലെ ടിക്കറ്റ്‌ ഇടപാടുകള്‍ക്കു കൂടി സഹായകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ കോണ്‍ടാക്ട്‌ലെസ്‌ പണമിടപപാടുകള്‍ നടത്തുന്നതിനുള്ള അവസരമായിരിക്കും ഭാവിയില്‍ ഈ കാര്‍ഡുകള്‍ ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 
മെട്രോ, ബസ്‌ എന്നീ ഗതാഗത ആവശ്യങ്ങള്‍, ടോള്‍ പ്ലാസകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ എല്ലാവിധ പണം നല്‍കലുകള്‍ക്കുമായി ഈ കാര്‍ഡ്‌ ഉപയോഗിക്കാനാവും. രണ്ടായിരം രൂപയില്‍ താഴെയുള്ള പണം നല്‍കലുകള്‍ക്ക്‌ ഉപഭോക്താക്കള്‍ ലളിതമായി അമര്‍ത്തുക മാത്രം ചെയ്‌താല്‍ മതിയാവും. സെക്കന്റുകള്‍ക്കുള്ളില്‍ ഇടപാടു പൂര്‍ത്തിയാകുകയും ചെയ്യും. റിസര്‍വ്വ്‌ ബാങ്ക്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഇതിനായി പിന്‍ നല്‍കുന്നതു പോലെയുള്ള രണ്ടാം വട്ട പരിശോധനകള്‍ ഒന്നും ആവശ്യമായി വരില്ല. 
നാഷണല്‍ പെയ്‌മെന്റ്‌സ്‌ കോര്‍പ്പറേഷനുമായി സഹകരിച്ച്‌ ആക്‌സിസ്‌ ബാങ്കും കൊച്ചി മെട്രോയും ചേര്‍ന്ന്‌ കൊച്ചി വണ്‍ കാര്‍ഡ്‌ പുറത്തിറക്കിയിരുന്നു. ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ്‌ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഈ കാര്‍ഡ്‌ എന്നതിനാല്‍ കൊച്ചി മെട്രോ നിരക്കുകള്‍ അടക്കുന്നതിനു പുറമേയുള്ള പ്രതിദിന പണമടക്കല്‍ ആവശ്യങ്ങള്‍ക്കും ഇത്‌ ഉപയോഗിക്കാനാവും. പണമായോ ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ വഴിയോ അടക്കം വിവിധ രീതികളില്‍ ഇതിലേക്ക്‌ പണമടക്കുകയോ പണം കൈമാറുകയോ ചെയ്യാനാവും. എത്ര തുകയും ഇതിലേക്കു കൈമാറുകയും അതു സ്വീകരിക്കുന്ന വിവിധ മേഖലകളില്‍ കോണ്‍ടാക്ട്‌, കോണ്‍ടാക്ട്‌ലെസ്‌ രീതികളില്‍ ഉപയോഗിക്കുകയും ചെയ്യാനാവും. 

No comments:

Post a Comment

10 APR 2025