മുംബൈ : ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അവന്റഡോര്‍ എസ് ഇന്ത്യന്‍ വിപണിയിലെത്തി. അവന്റഡോറിന്റെ കരുത്ത്‌കൂടിയ നവീകരിച്ച പതിപ്പാണിത്. ലംബോര്‍ഗിനിയുടെ ഏറ്റവും വിലയേറിയ മോഡലായ അവന്റഡോര്‍ എസിന് 5.01 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
എയ്‌റോഡൈനാമിക് പെര്‍ഫോമന്‍സ് കൂട്ടുന്ന രൂപകല്‍പ്പനയാണിതിന്. മുന്‍ഭാഗം പഴയതിലും കൂര്‍ത്തതാണ്.
എഞ്ചിന്‍ പഴയതുതന്നെയെങ്കിലും കരുത്ത് 40 ബിഎച്ച്‌പി കൂട്ടിയിട്ടുണ്ട്. 6.5 ലിറ്റര്‍, 12 സിലിണ്ടര്‍ (വി12) പെട്രോള്‍ എഞ്ചിന്‍ 740 ബിച്ച്‌പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 690 എന്‍എം. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വെറും 2.9 സെക്കന്റ് മതി. ഏഴ് സ്‌പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഓള്‍ വീല്‍ ഡ്രൈവ് സൂപ്പര്‍ കാറിന് 350 കിമീ / മണിക്കൂര്‍ ആണ് പരമവധി വേഗം.
രണ്ട് സീറ്റര്‍ കൂപ്പെയുടെ മോണോ കോക്ക് ബോഡി പ്രധാനമായും കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫോര്‍ വീല്‍ സ്റ്റിയര്‍ ടെക്‌നോളജിയുമായി വിപണിയിലെത്തുന്ന ആദ്യ ലംബോര്‍ഗിനി കാറാണ് അവന്റഡോര്‍ എസ്. ഉയര്‍ന്ന വേഗത്തില്‍ സ്റ്റിയറിംഗ് തിരിക്കുമ്പോള്‍ മുന്‍ചക്രങ്ങളുടെ അതേ ദിശയില്‍ പിന്‍ചക്രങ്ങളും തിരിയും. ഇത് വളവുകളില്‍ ഉയര്‍ന്ന സ്ഥിരത നല്‍കും. കുറഞ്ഞ വേഗത്തില്‍ സ്റ്റിയറിംഗ് പ്രയോഗിക്കുമ്പോള്‍ മുന്നിലെ വീലുകളുടെ എതിര്‍ദിശയില്‍ പിന്നിലെ വീലുകള്‍ തിരിയും. ഇത് ടേണിംഗ് റേഡിയസ് കുറയ്‌ക്കാന്‍ സഹായിക്കുന്നു. പുതിയ ആക്‌ടീവ് സസ്‌പെന്‍ഷന്‍ അവന്റഡോര്‍ എസിനുണ്ട്. സ്‌ട്രാഡാ, സ്‌പോര്‍ട്‌സ്, കോര്‍സ എന്നിവ കൂടാതെ പുതിയ ഈഗോ ഡ്രൈവ് മോഡും ഇതിനുണ്ട്. ഡ്രൈവറുടെ ഇഷ്‌ടാനുസരണം വിവിധ മോഡലുകളില്‍ എഞ്ചിന്‍, സ്റ്റിയറിംഗ്, സസ്‌പെന്‍ഷന്‍, ഗിയര്‍ബോക്‌സ് എന്നിവയുടെ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ഈഗോ മോഡ് സഹായിക്കുന്നു.
മുന്‍ഗാമിയുടേതിനേക്കാള്‍ 20 ശതമാനം ഭാരക്കുറവുള്ള എക്‌സോസ്റ്റ് സിസ്റ്റമാണ് അവന്റഡോര്‍ എസിന്. 12 സിലിണ്ടര്‍ എഞ്ചിന്റെ കരുത്ത് തെളിയിക്കുന്ന ശബ്‌ദം പുറപ്പെടുവിക്കുവാന്‍ മൂന്ന് പൈപ്പുകളുള്ള എക്‌സോസ്റ്റിനു കഴിയുന്നു. മികച്ച സ്ഥിരത ഉറപ്പാക്കുന്ന പിരേലി പി സീറോ ടയറുകളാണ് അവന്റഡോര്‍ എസിന് ഉപയോഗിക്കുന്നത്.
No comments:
Post a Comment